Malayalam Hymn
Melilullerushaleme kalamellam kazhiyunna
Melilullerushaleme kalamellam kazhiyunna lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 മേലിലുള്ളെരൂശലേമേ! കാലമെല്ലാം കഴിയുന്ന
നാളിലെന്നെ ചേർക്കണേ നിൻ കൈകളിൽ-നാഥാ!
ലളിതകൃപയുടെ വരിഷമനുദിനമനുഭവി-
പ്പതിനരുളണേ സഭയാകുമീ പുഷ്പമാം സാധു നൈതലിൽ-നിന്റെ
പാലനമല്ലാതെയെന്തിപ്പൈതലിൽ?
2 ഹാ! കലങ്ങൾക്കിടയിൽ നീ ആകുലയായ് കിടന്നാലും
നാകനാഥൻ കടാക്ഷിക്കും നിന്റെ മേൽ-കാന്തൻ
പ്രേമരസമതു ഭവിയുടെ മനമാശു തന്നിലൊഴിക്കവേ-പര
മാത്മചൈതന്യം ലഭിക്കുമാകയാൽ-നീയും
വാനലോകേ പറന്നേറും പ്രാവുപോൽ
3 ബാലസൂര്യകാന്തികോലും ചേലെഴും ചിറകിനാൽ നീ
മേലുലകം കടക്കുന്ന കാഴ്ചയെ-പോരാ
കനകമണിവൊരുഗണിക സുതരൊടു സഹിതമാഴിയിലാണിടും തവ
ബാബിലോൺ ശിക്ഷയാം ഘോരവീഴ്ചയെ-കാണ്മാൻ
ബാലനിവന്നേകണം നിൻ വേഴ്ചയെ
4 ആയിരമായിരം കോടി വാനഗോളങ്ങളെ താണ്ടി
പ്പോയിടും നിന്മാർഗ്ഗമൂഹിക്കാവതോ?-കാണും
ഗഗനതലമതു മനുജഗണനയുമതിശയിച്ചുയരും വിധൌ-തവ
ഭാഗ്യമഹിമയെ വാഴ്ത്താനാവതോ? - സൗഖ്യം
ലേശമെങ്കിലുമുരപ്പാൻ നാവിതോ?
5 വെണ്മയും ചുമപ്പു പച്ച മഞ്ഞ നീലം ധൂമ്രമെന്നീ
വർണ്ണഭേദങ്ങളാൽ നിഴൽ നൽകിയേ-ജ്യോതിർ
മണ്ഡലങ്ങളിലമരുമവരുടെ വന്ദനം ജയഘോഷമെന്നിവ
മണ്ഡനമായ് തന്നു നിനക്കംബികേ! -വാനം
നിന്നെയുപചരിച്ചിടും ധാർമ്മികേ!
6 ഹാ! മണവറയ്ക്കടത്തു നീയണയും സമയത്തു
ശ്രീമഹാരാജ്ഞിയേ! നിന്നെക്കാണുവാൻ-സ്വർഗ്ഗ
കാമിനീഗണമമിതകുതുകമൊടാദരാലരികേ വരും തവ
കൈകളെ കാന്തൻ പിടിക്കും മോദവാൻ-നിത്യ
സ്നേഹഭവനത്തിനുള്ളിൽ പൂകുവാൻ
7 നിന്മുഖത്തുനിന്നു തൂകും നന്മധുപൂരത്തിലംബേ!
മുങ്ങി ലയിക്കുന്നു ദിവ്യജ്ഞാനികൾ-നിന്റെ
നൻമൊഴിക്കരികണയുവതിനൊരു നവ്യമായ സയൻസുമില്ലതു
സമ്മതിക്കുന്നജ്ഞരല്ലാപ്രാണികൾ -തെല്ലു
മുണ്മയറിയുന്നതില്ലേ മാനികൾ
8 നിൻ മഹിമയോതുവതിന്നിന്നരന്നു സാദ്ധ്യമല്ലേ
പൊന്നുപുതുവാനഭൂമി വന്നിടും-അതേ
മണ്ണിൽ വീണു മറഞ്ഞുപോയവർ പിന്നെയും പുതുതാമുടൽ ധരി-
ച്ചുന്നതജീവനെയാണ്ടു നിന്നിടും-നാളിൽ
നിന്നിലടിയൻ ലയിച്ചുചേര്ന്നിടും
9 സത്യമാതാവായെനിക്കിങ്ങുത്തമേ നീ മാത്രമല്ലോ
നിത്യനേശുക്രിസ്തുരാജനെന്നുമേ-സർവ്വ
ദുഃഖവും നിജതൃക്കടാക്ഷമതൊന്നു കൊണ്ടകലത്തകറ്റിടു-
മുൾക്കനിവേറും പിതാവാണിന്നുമേ-മമ
സ്വർഗ്ഗപിതാവിന്റെ നാമം ധന്യമേ;-