Malayalam Hymn
Aanandasudinathil aa navya
Aanandasudinathil aa navya lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
പല്ലവി
ആനന്ദസുദിനത്തിൽ - ആ നവ്യപ്രഭാതത്തിൽ
ആനന്ദഭാസ്ക്കരൻ എഴുന്നെള്ളും നാളിൽ
അനുപല്ലവി
അംബരേ ധ്വനിക്കും തൻ ഗംഭീരനാദം
മുഴങ്ങും ദൈവകാഹളം ഗുരുദൂതസ്വനവും
ഉയിർത്തിടും വിശുദ്ധന്മാർ ഉയർന്നിടും ഗഗനത്തിൽ
അധികകാലമായ് മണ്ണിൽ മൃതിനിദ്ര ചെയ്തോർ
മരണം കൈവരിച്ചവർ പരമനിൽ മുന്നം
പരമജ്യോതി പ്രഭാവ ശരീരങ്ങളോടെ;- ആനന്ദ....
ഇരിപ്പവരിഹത്തിൽ നാം ഉയിരുടനതു നേരം
ധരിക്കും വിൺ ശരീരത്തെ അരനൊടിക്കുള്ളിൽ
പറന്നിടും പരത്തിൽ നാം പ്രാക്കൾ സമാനം
രമിപ്പാൻ മണവറയിൽ മണവാളനോടെ;- ആനന്ദ....
ദുരിതപൂർണ്ണമാം മരുപ്രയാണത്തിന്നവസാനം
ത്വരിതമങ്ങണഞ്ഞിടും ധര വിട്ടു ലാക്കിൽ
വിരുതു ലഭ്യമാക്കുവാൻ കുതുക ഹൃത്തോടെ
പരിത്യജിച്ചുലകത്തെപ്പരനോടു ചേർന്നോർ;- ആനന്ദ....
അധിക സഹസങ്ങളിൽ അതീവ സുന്ദരൻ പ്രിയൻ
അപഹരിച്ചെൻ ചിത്തം, മുഖദർശനത്തിൽ
അരുണന്റെ ദ്യുതി വെല്ലും ആനന്ദശോഭ
അളവെന്യെ തരും മോദം അഗതിയിൻ ഹൃത്തിൽ;- ആനന്ദ....
അനർഘമാം വചനങ്ങൾ ചൊരിയും തന്നധരത്താൽ
അനന്തചുംബനങ്ങൾ തന്നങ്ങണയ്ക്കും തൻ മാർവ്വിൽ
പൊഴിക്കുമെൻ നയനങ്ങൾ ആനന്ദബാഷ്പം
അകലുമകതാരിൽ നിന്നഖിലസന്താപം;- ആനന്ദ....
ഗമിക്കും താൻ ഗഗനം വിട്ടിഹത്തെ ലക്ഷ്യമാക്കിക്കൊ-
ണ്ടനന്തകോടി വിശുദ്ധരൊരുമിച്ചന്നാളിൽ
അധർമ്മത്താൽ നിബിഡമീ ധരയിൽ സ്ഥാപിപ്പാൻ
സമാധാനനീതി പൂർണ്ണ ഭരണകൂടത്തെ;- ആനന്ദ....
ഒടുങ്ങും തന്നരിഗണം പതിക്കും വൈരിബദ്ധനായ്
ഭരിക്കുമവനീ ഭൂവിൽ സഹ്രസവർഷങ്ങൾ
വസിക്കും പ്രീതരായ് തന്നോടൊരുമിച്ചു നമ്മൾ
കൊതിക്കുന്നെൻ ഹൃദയമാസുദിനത്തിനായ്;- ആനന്ദ....
ഉയർത്തിടാം ശിരസ്സുകൾ തികച്ചിടാം വിശുദ്ധിയും
ശിരസ്സാമേശുവിൻ പൂർണ്ണവളർച്ചയിലെത്താം
അണിഞ്ഞു വരാഭരണം നിറഞ്ഞാത്മഫലത്താൽ
തെളിഞ്ഞു ബുദ്ധിയിൽ ദീപം തെളിച്ചു പാർത്തിടാം;- ആനന്ദ....